മണ്ണാർക്കാട്: നൂതനാശയങ്ങളുടെ പ്രായോഗികവത്കരണം പ്രധാനമാണെന്നു വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. കാലാനുസൃതമായ കണ്ടുപിടിത്തങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വൈഐപിയുടെ സഹായത്തോടെ ഇവ വാണിജ്യവത്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈഐപി 9.0) സംസ്ഥാനതല ഐഡിയ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം കൂടുതൽ സ്കൂളുകളിലേക്കു വിപുലീകരിക്കും. വൈഐപി 8.0യിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. മികച്ച പ്രോട്ടോടൈപ്പുകളുടെ അവതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ. സരിത അധ്യക്ഷയായി. മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സണ് കെ. സജ്ന മുഖ്യാതിഥിയായി. കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സുദീപ് നായർ ആശയാവതരണം നടത്തി.
മണ്ണാർക്കാട് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സലീന വേളക്കാടൻ, കെ.സി. അബ്ദുൾറഹ്മാൻ, വൈഐപി, കെ ഡിസ്ക് പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരൻ, ഡിഡി ഇ.ടി. സലീന ബീവി, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ജൂഡ് എസ്. ലൂയിസ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പുഷ്പകുമാരി, കെ ഡിസ്ക് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. കിരണ്ദവ്, എംഇഎസ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി കെ.പി. അക്ബർ, പ്രിൻസിപ്പൽ എ. ഹബീബ്, ഹെഡ് മാസ്റ്റർ അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.